കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ചതാണ് പള്ളിപ്പാട്ട് സതീശന്റെ മരണം. "മദ്യവിരുദ്ധ പ്രവര്‍ത്തകനെ തൊഴിച്ചു കൊന്നു" എന്ന് പ്രചരിപ്പിക്കുവാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഈ മരണത്തെ ഉപയോഗപ്പെടുത്തി. ശ്രീമതി സുഗതകുമാരി അടക്കം ചില സാംസ്കാരിക നായകരും ഇതേറ്റുപിടിച്ചു. മാധ്യമങ്ങള്‍ - സാംസ്കാരികപ്രവര്‍ത്തകര്‍(ഒരു വിഭാഗം) - UDF എന്നീ ഐക്യനിര ഈസംഭവത്തെ അന്നത്തെ കേരളാ ഗവണ്‍മെന്റിനും CPI(M) നും എതിരായ പ്രചരണായുധമാക്കി.
എന്റെ അടുത്ത ബന്ധുവാണ് സതീശന്‍.
ഈ സംഭവത്തെ സംബന്ധിച്ച് 1999 നവംബര്‍ 30 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച എന്റെ കുറിപ്പിലെ ചിലഭാഗങ്ങള്‍ ചുവടെ.
"പള്ളിപ്പാട്ട് സതീശന്റെ അകാല മരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണ പ്രചരണങ്ങളാണ് ഈ കുറിപ്പെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഗ്രാമം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അസുഖകരമായ സംഭവ പരമ്പരകളില്‍ ഒടുവിലത്തേതാണ് നവംബര്‍ ഒന്നിന് നടന്നത്. ഇതിന്റെ മൂലകാരണം ഷാജിയും അയാളുടെ ബന്ധുവും അയല്‍വാസിയുമായ രഘുനാഥനും തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ വഴിത്തര്‍ക്കമാണ്. ഇരുവരുടെയും രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളുടെയും എന്റെയും സാന്നിദ്ധ്യത്തില്‍ ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ധാരണയായതാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്നും രഘുനാഥന്‍ ഏകപക്ഷീയമായി പിന്‍മാറിക്കൊണ്ട് ഷാജിയെ ആക്രമിക്കുന്നതിന് കോപ്പുകൂട്ടി. കോണ്‍ഗ്രസിലും RSS ലും പ്രവര്‍ത്തിക്കുന്ന ചില യുവാക്കളെ പ്രലോഭിപ്പിച്ച് വശത്താക്കി ആക്രമണത്തിന് ഉപയോഗപ്പെടുത്തുവാന്‍ രഘുനാഥന്‍ പലതവണയായി ശ്രമിച്ചുവരികയായിരുന്നു.
വൈരാഗ്യം ശമിക്കാത്ത പതിനഞ്ചില്‍പ്പരം ആളുകള്‍ പതിയിരുന്ന്, സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഷാജിയെ മാരകമാംവിധം മര്‍ദ്ദിച്ചു. അക്രമസ്ഥലത്ത് വൈകിയെത്തിയ സതീശന്‍ തന്റെ കൈത്തരിപ്പ് തീര്‍ക്കുന്നതിന് ഷാജിയുടെ സൈക്കിള്‍ തല്ലിത്തകര്‍ത്തു. ഇതിനിടയില്‍ അയാള്‍ കുഴഞ്ഞു വീണതും മരിച്ചതും ഹൃദയാഘാതം കൊണ്ടാണ് എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്നു.
സതീശന്‍ കുരുന്നു പ്രായത്തിലേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് അത്യന്തം ഖേദകരവും ദൗര്‍ഭാഗ്യകരവുമാണ്. എന്നാല്‍ അയാളുടെ മരണത്തെ കൊലപാതകമായി ചിത്രീകരിച്ച് അതിലൂടെ നിരപരാധികളെ അപരാധികളാക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ നീചസംസ്കാരം പ്രതിഷേധാര്‍ഹമാണ്.
പൈങ്കിളി കഥാകാരന്റെ കൗശലബുദ്ധിയോടെ അസത്യത്തിന്റെ വിഷംകലര്‍ന്ന വാര്‍ത്തകള്‍ വൈകാരികതയോടെ ഊതിപ്പെതിപ്പിച്ചവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തന ശൈലി വ്യാജമദ്യത്തിനൊപ്പം തന്നെ ഉന്മൂല നാശം വരുത്തേണ്ടതാണ്. സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിനപ്പുറം സാമ്പത്തിക - രാഷ്ട്രീയ ലാഭാധിഷ്ഠിത താത്പര്യങ്ങളാണ് മിക്ക പത്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് "
പൈങ്കിളി കഥാകാരന്റെ കൗശലബുദ്ധിയോടെ അസത്യത്തിന്റെ വിഷംകലര്‍ന്ന വാര്‍ത്തകള്‍ വൈകാരികതയോടെ ഊതിപ്പെതിപ്പിച്ചവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തന ശൈലി വ്യാജമദ്യത്തിനൊപ്പം തന്നെ ഉന്മൂല നാശം വരുത്തേണ്ടതാണ്. സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിനപ്പുറം സാമ്പത്തിക - രാഷ്ട്രീയ ലാഭാധിഷ്ഠിത താത്പര്യങ്ങളാണ് മിക്ക പത്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് "
ഒരു ദശാബ്ദത്തിന് മുമ്പ് നടന്ന ഈ സംഭവത്തെപ്പറ്റി ഇപ്പോള്‍ ഒന്ന് അന്വേഷിക്കുക. വാര്‍ത്തയും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ബോദ്ധ്യപ്പെടും.
